കടത്തനാട്.....
വടകര IMA യുടെ ജന്മഭൂമി
ബ്രിട്ടീഷ് ഭരണകാലത്തിന് മുമ്പുള്ള വടകര, നാദാപുരം പ്രദേശങ്ങൾ ചരിത്രപരമായി കടത്തനാട് എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് മദ്രാസ് സംസ്ഥാനത്തിലെ നോർത്ത് മലബാർ പ്രൊവിൻസിന്റെ ഭാഗമായിരുന്നു. വടകരയിലെ പുതുപ്പണത്തിന് (പുതുപ്പട്ടണം) വടക്കോട്ടുള്ള ഭാഗം കോലത്ത്നാട് രാജാവിന്റെ (കോലത്തിരി) കീഴിലായിരുന്നു. പുതുപ്പണത്തിന് തെക്കോട്ട് ചേരരാജാവിന്റെ സാമന്തനായിരുന്ന പോർളാതിരിയുടെ കീഴിലായിരുന്നു. ചേര രാജവംശത്തിന്റെ ക്ഷയത്തോടെ ഇന്നത്തെ കോഴിക്കോടും അനുബന്ധ പ്രദേശങ്ങളും (കടത്തനാടിന്റെ ഭാഗങ്ങളടക്കം) പോർളാതിരിയായിരുന്നു ഭരിച്ചത്. ചേര രാജാവിന്റെ മറ്റൊരു സാമന്തൻമാരായിരുന്ന നെടിയിരിപ്പ് സ്വരൂപക്കാർ പോർളാതിരിയെ തോൽപ്പിച്ച് കോലത്തുനാട്ടിലേക്ക് ഓടിച്ചു. കോലത്തിരി അവർക്ക് അഭയം കൊടുക്കുകയും തന്റെ കുടുംബത്തിലെ ഒരു തമ്പുരാട്ടിയെ ഒരു പോർളാതിരി രാജകുമാരന് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. ഇവർക്ക് സ്ത്രീധനമായി കിട്ടിയതാണത്രെ കോട്ടക്കൽ പുഴ (മൂരാട് പുഴ അഥവാ കുറ്റ്യാടി പുഴ) മുതൽ മാഹി വരെയുള്ള കടത്തനാട് എന്ന ദേശം. കോലത്തിരിയുടെ സാമന്തൻമാരായി നാടു വാണ ഇവർ 1750 ൽ രാജ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. സ്വതന്ത്ര രാജവംശമായി കടത്തനാട് ഭരിക്കാൻ തുടങ്ങി. വടകരയ്ക്ക് 15 km കിഴക്കുള്ള കുറ്റിപ്പുറം എന്ന സ്ഥലമായിരുന്നു കടത്തനാടിന്റെ തലസ്ഥാനം.
ഇത് പുറമേരിക്കടുത്താണ്.കടത്തനാട് രാജാവിന് ശക്തമായ ഒരു നാവിക സേന ഉണ്ടായിരുന്നു. കടത്തനാടിന്റെ തീരപ്രദേശത്ത് കടന്നു പോകുന്ന കപ്പലുകളിൽ നിന്ന് ഇവർ കപ്പം പിരിച്ചിരുന്നതായി ചരിത്രം പറയുന്നു. സാമൂതിരി രാജ്യത്ത് നിന്ന് കോലത്ത് നാട്ടിലേക്ക് പോകുമ്പോൾ കടക്കേണ്ട നാട് കടത്തുനാടായും പിന്നീട് കടത്തനാടായും അറിയപ്പെട്ടു. കോട്ടക്കൽപ്പുഴയുടെ വടക്ക് ഭാഗത്തുള്ള വടക്കേക്കരയെന്നും പിന്നീട് വടകര എന്നും അറിയപ്പെട്ട സ്ഥലം പഴയ കുറുമ്പ്രനാട് (കുറുമ്പർ - വനവാസികൾ) താലൂക്കിൻ്റെ തലസ്ഥാനമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അഞ്ചാം മലബാർ സമ്മേളനം 1931 ൽ വടകര വച്ച് നടക്കുകയുണ്ടായി. ആ കാലത്ത് എം.പി.നാരായണമേനോൻ എന്ന കോൺഗ്രസ് നേതാവ് ആന്തമാനിലെ കലാപാനിയിൽ, മലപ്പുറത്തെ മാപ്പിള ലഹളയിലെ ബന്ധമാരോപിച്ച്, തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സമ്മേളന സ്ഥലമായ വയലിന് "നാരായണനഗർ" എന്ന് പേര് നൽകി. സ്ഥലം പിന്നീട് അതേ പേരിലറിയപ്പെടാൻ തുടങ്ങി.
കടത്തനാട് തച്ചോളി ഒതേനന്റെ നാടാണ്, വടക്കൻ പാട്ടുകളുടെയും. വടക്കൻ പാട്ടുകളിലൂടെ അനാവൃതമാകുന്നത് നാനൂറ് വർഷങ്ങൾക്ക് മുൻപുള്ള സാമൂഹ്യ ജീവിതത്തിന്റെ നേർക്കാഴ്ചയും കളരി എന്ന ആയോധനകലയുടെ ചരിത്രവുമാണ്. തച്ചോളിപ്പാട്ടുകളിലും പുത്തൂരം പാട്ടുകളിലും വീരപരാക്രമികളായ തച്ചോളി ഒതേനന്റെ യും ആരോമൽ ചേകവരുടെയും ,കരുത്തുള്ള സ്ത്രീത്വത്തിന്റെ പ്രതീകമായ ഉണ്ണിയാർച്ചയുടെയും ചിത്രങ്ങൾ നാടൻ ശീലുകളിൽ തന്മയത്വത്തോടെ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. കളരികളും സാംസ്കാരിക കൂട്ടായ്മകളും ഇന്നും ഈ നാടിന്റെ ഫോക് ലോർ പൈതൃകം അന്യം നിന്നുപോകാതെ സംരക്ഷിക്കുന്നത് സന്തോഷം തരുന്ന കാര്യമാണ്. പതിനാറാം നൂറ്റാണ്ടിന്റെ ദക്ഷിണാർദ്ധത്തിൽ കടത്തനാട്ടിൽ ജീവിച്ച വീര, നായർയോദ്ധാ വായിരുന്നു തച്ചോളി ഒതേനൻ.തച്ചോളി ഒതേനന്റെ തറവാടായ തച്ചോളി മാണിക്കോത്ത് ഇന്നും കുംഭമാസത്തിൽ (ഫെബ്രുവരി -മാർച്ച് )ഒതേനൻ തിറയും ആയോധന കലാപ്രകടനവും നടന്നു വരുന്നുണ്ട് .ഒതേ നന്റെ ഇഷ്ടദേവതയാണ് ലോകനാർ കാവിലമ്മ .ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെ കൊല്ലത്തെ ലോകമലേശ്വരം എന്ന സ്ഥലത്തു വന്നു താമസിച്ച വൈശ്യ പ്രമാണിമാരുടെ കൂടെ അവരുടെ ആരാധനാമൂർത്തിയായ ദേവിയും ഉണ്ടായിരുന്നത്രെ .അവർ പിന്നീട് വടകരയിലെ പുതുപ്പണത്ത് വന്ന് താമസിക്കുകയും ഇവരിലെ ഒരു നായർ പ്രമാണിക്ക് സദാചാര ഭ്രംശം ആരോപിക്കപ്പെടുകയും അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തിനെത്തുടർന്ന് ഇവർ ദേവീ സമേതം ലോകനാർകാവ് ക്ഷേത്രപരിസരത്തിലെത്തു കയും ചെയ്തുവെന്നും ദേവി ഇവിടെ ഒരു മരത്തിൽ ഉറഞ്ഞ് 'എന്നെ കാണുന്നവരും എന്നെ ഭജിക്കുന്നവരുംഇവിടെ വേണമെന്നും' അരുളിച്ചെയ്തതായും ചരിത്രകാരനായ പ്രൊഫ.കെ.സി.വിജയരാഘവൻ പറയുന്നു .ഇവിടെയാണ് ലോകനാർകാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്ന് പറയപ്പെടുന്നു .കാവിലമ്മ സത്യത്തിന്റെ ദേവതയാണ് .കാവിലമ്മയുടെ മുൻപിൽ സത്യം ചെയ്താൽ അന്നത്തെ സാമൂഹ്യ നീതിയിൽ അത് അംഗീകരിക്ക പ്പെടുമായിരുന്നു.
തച്ചോളി ഒതേനൻ അങ്കത്തിന് പുറപ്പെടും മുമ്പ് ദേവിയുടെ അനുഗ്രഹം തേടുക പതിവായിരുന്നു. ഇരിങ്ങൽ കോട്ടക്കലിലുണ്ടായിരുന്ന കുഞ്ഞാലി മരക്കാർ നാലാമൻ്റെ (AD 1600 ൽ വധിക്കപ്പെട്ടു ) സമകാലികനുമായിരുന്ന തച്ചോളി ഒതേനൻ 32 വയസ്സിനിടെ 64 അങ്കങ്ങൾ ജയിച്ചിരുന്നു. അറുപത്തഞ്ചാം പടയ്ക്ക് പൊന്നിയത്തേക്ക് (തലശ്ശേരിക്കടുത്ത് )പുറപ്പെട്ടപ്പോൾ ദേവി വിലക്കിയെന്നും ,ദേവിയെ ധിക്കരിച്ച ഒതേനൻ അങ്കം കഴിഞ്ഞ് മടങ്ങുമ്പോൾ മായന്റെ വെടിയേറ്റ് മരിച്ചുവെന്നും വടക്കൻ പാട്ടുകളിൽ കാണുന്നു. പതിനാറാം നൂറ്റാണ്ടിൽ കടത്തനാടിലെ പ്രസിദ്ധരായ തിയ്യ യോദ്ധാക്കളുടെ തറവാടാണ് പുത്തൂരം വീട് എന്ന് വടക്കൻ പാട്ടുകൾ പറയുന്നു .അവിടുത്തെ കണ്ണപ്പൻ ചേകവരുടെ പുത്രനായിരുന്നു ആരോമൽചേകവർ .ഉണ്ണിയാർച്ച ആരോമലിൻ്റെ സഹോദരിയും ചന്തു കണ്ണപ്പച്ചേകവരുടെ സഹോദരിയുടെ പുത്രനുമായിരുന്നു. ഇരുപത്തിനാലാം വയസ്സിൽ അരിങ്ങോടരുമായുള്ള അങ്കം ജയിച്ച ആരോമൽചേകവറെ ചന്തു ചതിച്ചു കൊന്നു എന്നാണ് കഥ. പിന്നീട് ഉണ്ണിയർച്ചയുടെ മകൻ ആരോമലുണ്ണി ചന്തുവിനെക്കൊന്ന് പകരം വീട്ടി. പാരമ്പര്യമായി സാമൂതിരിയുടെ നാവികപ്പടത്തലവൻമാരായിരുന്നു കുഞ്ഞാലി മരയ്ക്കാൻമാർ.മരക്കാരുടെ പൊന്നാനിയിലെ താവളം പോർട്ടുഗീസുകാർ കടലിൽ നിന്ന് പീരങ്കിയുപയോഗിച്ചു തകർത്തപ്പോൾ വടകര പുതപ്പണത്ത് ഒരു കോട്ട പണിയാൻ കുഞ്ഞാലി മൂന്നാമൻ ( പട്ടു മരക്കാർ) സാമൂതിരിയിൽ നിന്ന് അവകാശം നേടിയെടുത്തു.വടകരയിൽ നിന്നും 7 km അകലെയുള്ള ,തന്ത്ര പ്രധാനമായ കോട്ടക്കലിൽ, സാമൂതിരിക്കു വേണ്ടി ഒരു കോട്ട 1573 ൽ മരക്കാർ പണിതു.കോട്ടക്കു സമീപമുള്ള ഇരിങ്ങൽ പാറയാണ് മരക്കാർ നീരീക്ഷണ ഗോപുരമായി ഉപയോഗിച്ചത്.പാറയ്ക്ക് പീറ്റത്തെങ്ങിനെക്കാൾ ഉയരമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു. ചിലസായാഹ്നങ്ങളിൽ മരയ്ക്കാറും ഒതേനനും പാറയൂടെ മുകളിലുണ്ടായിരുന്ന വലിയ കുളത്തിൻ കരയിൽസൗഹൃദം പങ്കിട്ടിരുന്നതായി പറയപ്പെടുന്നു.ഇരിങ്ങൽ പാറയുടെ അവശി ഷ്ടത്തിന് ചുറ്റുമാണ് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്.കേരള ത്തിലെ വ്യാപാര രംഗത്ത് ആധിപത്യം ഉറപ്പിക്കാർ ശ്രമിച്ച പറങ്കികളുമായി ജീവിതാവസാനം വരെ യുദ്ധം ചെയ്ത ധീരദേശാഭിമാനികളായിരുന്നു മരക്കാർമാർ. പക്ഷെ അവസാന മരക്കാറായ കുഞ്ഞാലി നാലാമന്റെ (മുഹമ്മദ് അലി) കാലത്ത് കോട്ടക്കൽ കേന്ദ്രമായി ഒരു മുസ്ലിം നാട്ടുരാജ്യം ഉടലെടുക്കുന്നുവെന്ന് പറഞ്ഞു സാമൂതിരിയെ തെറ്റിദ്ധരിപ്പിക്കാൻ പറങ്കികളുടെ ചാരൻമാർക്ക് കഴിഞ്ഞു. അവസാനം പറങ്കികളുമായി സാമൂതിരി സന്ധിചെയ്തു.നീണ്ട യുദ്ധത്തിന്നവസാനം മരക്കാർ കീഴടങ്ങി. സാമൂതിരികുഞ്ഞാലി യുടെ ജീവൻ രക്ഷിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പാലിച്ചില്ല. പറങ്കികൾ കുഞ്ഞാലിയെ ഗോവയിൽ കൊണ്ടുപോയി പൊതുജ തങ്ങളുടെ മുന്നിൽ വെച്ച് കഴുത്തറത്ത് കൊന്നു .കേരളം പോർച്ചുഗീസ് കോളനിയാകാതെ സംരക്ഷിക്കപ്പെട്ടത് കുഞ്ഞാലി മരക്കാരുടെ യുദ്ധതന്ത്രങ്ങൾ മൂലമാണെന്ന് പ്രസിദ്ധ ചരിത്രകാരനായ ശ്രീ കെ.കെ.എൻ.കുറുപ്പ് പറയുന്നു. സ്വന്തം നാവികത്തലവനെ ശത്രുവിന് കൈമാറിയ സാമൂതിരിയുടെ വഞ്ചന നമ്മുടെ ചരിത്ര ത്തിലെ ഒരു കറുത്ത ഏടാണ്.
കടത്തനാട് രാജസദസ്സ് കവികളുടെയും കലാകാരൻമാരുടെയും സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു .കടത്തനാട് ഉദയവർമ്മ രാജ ബഹുമുഖപ്രതിഭാശാലിയായിരുന്നു.കവി ,ഗദ്യകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ഉദയവർമ്മ മലയാള സാഹിത്യത്തിന് നൽകിയ സംഭാവന അമൂല്യമത്രെ. പുറമേരിയിൽ അദ്ദേഹം സ്ഥാപിച്ച പ്രസ്സ് മലബാറിൽ ആദ്യത്തേതായിരുന്നു. ഈ പ്രസ്സിൽ നിന്നായിരുന്നു 'ജന രജ്ഞിനി' , 'കവനോദയം', എന്നീ മാസികളും സാരോദയം എന്ന വൃത്താന്തപത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നത്. ഭാരത മഞ്ജരി , സദ്രുത്ത മാലിക ,'കവിതാഭരണം' രത്നാവലി മുതലായ പ്രശസ്തകൃതികൾ ഉദയവർമ്മ രചിച്ചതാണ്.1896 ൽ അദ്ദേഹം ആരംഭിച്ച ഇംഗ്ലീഷ് വിദ്യാലയമാണ് കടത്തനാട്ട് രാജാസ് ഹൈസ്കൂൾ എന്ന പേരിൽ ഇന്നും അവിടെ പ്രവർത്തിക്കുന്നത്.സംസ്കൃത പണ്ഡിതനായ ഉദയവർമ്മയുടെ ക്രാന്തദർശിത്വത്തിന്റെ മകുടോദാഹരണമാണ് ഈ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങാനുള്ള തീരുമാനം.അതെ പോലെ കടത്തനാട്ട് കഥകളി സംഘം ഒട്ടനവധി കഥകളി കലാകാരൻമാർക്ക് ജൻമം നൽകിയ പ്രസ്ഥാനമായിരുന്നു. കൃഷ്ണഗാഥാ കർത്താവായ ചെറുശ്ശേരി വടകരക്കാരനാണെന്ന് ഇവിടത്തുകാർ തലമുറകളായി വിശ്വസിച്ചു പോരുന്നു. ചെറുശേരി ഇല്ലം വടകരയിലെ പുത്തൂരിലാണ് .ഇന്നും മഹാകവിയുടെ ആരാധനാമൂർത്തിയായ മഹാവിഷ്ണുവിന്റെ ക്ഷേത്രം ഇവിടെയുണ്ട്. "ആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയ വർമ്മണ കൃതയാം കൃഷ്ണ ഗാഥായാം" എന്ന വരികളിൽ ഉദയവർമ്മത്തമ്പുരാന്റെ ആസ്രിതനായിരുന്നു ചെറുശ്ശേരി എന്ന് വ്യക്തമാണ് .പുരാണ കഥാപാത്രങ്ങളെ ലളിത കോമള പദാവലികളും ഗാനാത്മകതയും കൊണ്ടു ജനഹൃദയങ്ങളിൽ കുടിയിരുത്തിയ മഹാകവിയായിരുന്നു ചെറുശ്ശേരി. കടത്തനാട്ടിലെ പ്രധാന വാണിജ്യ കേന്ദ്രവും പ്രമുഖ നഗരവുമായിരുന്ന വടകര. ദീർഘമോ വള്ളിപുള്ളികളോ, കൂട്ടക്ഷരങ്ങളോ ഇല്ലാത്ത അപൂർവ്വം സ്ഥലനാമങ്ങളിൽ ഒന്നാണ് വടകര. വടക്കൻപാട്ടിൽ "വടകര വലിയൊരു നഗരം, മാളികപ്പീടിക പാണ്ടികശാല" എന്ന് പരാമർശിക്കപ്പെട്ടത് വടകരയിലെ താഴെ അങ്ങാടി ആയിരിക്കാമെന്ന് കരുതുന്നു. മലബാറിലെ ഈ പ്രമുഖ തുറമുഖത്ത് നിന്ന് കൊപ്രയും പച്ചത്തേങ്ങയും കുരുമുളകും മറ്റും കയറ്റി അയച്ചിരുന്നതായി ചരിത്രരേഖകളിൽ കാണാവുന്നതാണ് . പ്രമുഖ ഷിപ്പിംഗ് കമ്പനികളുടെ ഏജൻസികൾ താഴെ അങ്ങാടിയിൽ പ്രവർത്തിച്ചിരുന്നു. ചൈനക്കാരും അറബികളും ഗുജറാത്തികളും മാർവാടികളും മറ്റും വളരെ സൗഹാർദ്ദത്തോടെ വസിക്കുകയും വ്യാപാരങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആ നഷ്ടപ്രതാപകാലത്തിന്റെ പ്രതീകമെന്നോണം ചില പാണ്ടികശാലകൾ ഇപ്പോഴും താഴെയങ്ങാടിയിലുണ്ട്. പരമ്പരാഗത വ്യവസായങ്ങളായിരുന്ന കയർ,കൈത്തറി ചുരുട്ട് നിർമ്മാണം ,സിമന്റ് പാത്ര നിർമ്മാണം മുതലായവ ഏറെക്കുറെ നാമാവശേഷമായികൊണ്ടിരിക്കുന്നു. വടകര മുറുക്കും അരിച്ചക്കരയും ലഭ്യമായിരുന്ന വടകരയിലെ ചൊവ്വാഴ്ച ചന്ത ഇപ്പോൾ നാമ മാത്രമായി.
പത്മശ്രീ ബഹുമതി ആദ്യമായി വടകരയി ലേക്ക് കൊണ്ടുവന്ന പത്മശ്രീ മീനാക്ഷിയമ്മ കടത്തനാടിന്റെ അഭിമാനമാണ് . അറുപതോളം വർഷങ്ങൾ പുതുപ്പണത്ത് 'കടത്തനാടൻ കളരി സംഘം 'നടത്തി തന്റെ ജീവിതം ഈ ആയോധന കലയ്ക്കുവേണ്ടി ഉഴിഞ്ഞു വച്ച ഇവരെ രാഷ്ട്രം പത്മശീ നൽകി ആദരിച്ചത് 2017ലാണ്. ആയോധനകലയുടെ കളിത്തൊട്ടിലായ കടത്തനാട് മറ്റു രംഗങ്ങളിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. വോളി ബോളിന്റെ ഈറ്റില്ലമാണ് വടകര.ഒളിമ്പ്യൻ അബ്ദു റഹിമാനും ഇരിങ്ങൽ പപ്പനും, ഭാസകരക്കുറുപ്പും, മുകുന്ദനുമൊക്കെ ഈ രംഗത്തെ അതികായൻമാരായിന്നു.ലോക കായിക ഭൂപടത്തിൽ ഭാരതത്തിന്റെ സാന്നിദ്ധ്യമറിയിച്ച പി.ടി.ഉഷ വടകരയുടെ തൊട്ടടുത്ത പ്രദേശമായ പയ്യോളിയിലാണ് സമ്പന്നമായ ഒരു കലാസാംസ്കരിക പാരമ്പര്യവും രാഷ്ട്രീയ ചരിത്രവും കടത്തനാടിനുണ്ടായിരുന്നു. വടകരയുടെ സാഹിത്യ രംഗത്തെ ചൈതന്യവത്താക്കിയ കടത്തനാട്ട് മാധവിയമ്മയും ,വി.ടി കുമാരനും ,മൂടാടി ദാമോദരനും , പി.ടി.അബദുറഹിമാനും ,എം.സി.അപ്പുണ്ണി നമ്പ്യാരും ,എ പത്മനാഭക്കുറുപ്പും ഡോ: പുനത്തിൽ കുഞ്ഞബ്ദുള്ളയും ' അക്ബർ കക്കട്ടിലും ,ഡോ :സി.പി.ശിവദാസുമൊക്കെ കാലയവനികയ്ക്ക പിന്നിൽ മറഞ്ഞെങ്കിലും ആ പാരമ്പര്യം ഇന്നും തുടർന്ന് വരുന്നു. കാത്തനാട് നാരായണൻ ,വി.ആർ സുധീഷ് ,ശിവദാസ് പുറമേരി ,പവിത്രൻ തീക്കുനി തുടങ്ങി നിരവധി പ്രശസ്തരായ എഴുത്തുകാർ ഈ പാരമ്പര്യത്തിൻ്റെ ദീപശിഖ അണയാതെ കാത്തു സൂക്ഷിക്കുന്നു. വടകരയുടെ സാമൂഹിക ജീവിതത്തിൽ നവോത്ഥാനത്തിന്റെ പ്രകാശകിരണങ്ങൾ പ്രസരിപ്പിച്ച വാഗ്ഭടാന്ദന്റെയും അദ്ദേഹം സാമ്പത്തികോൻമനത്തിന് വേണ്ടി 1925ൽ സ്ഥാപിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെയും (U LC CS) കീർത്തി ലോകമെങ്ങും വ്യാപിച്ചിട്ടുണ്ട്.അതു പോലെത്തന്നെ വടകരയുടെ സാമൂഹിക മണ്ഡലത്തെ സ്വാധീനിച്ച പ്രസ്ഥാനങ്ങളാണ് മനുഷ്യനെ സ്വയം കണ്ടെത്താൻ പ്രേരിപ്പിക്കുന്ന സ്വാമി ശിവാനന്ദ പരമഹംസരുടെ സിദ്ധസമാജവും ഭാരതീയ തത്വചിന്തയുടെ പ്രയോക്താക്ക ളായ തിയോസഫിക്കൽ സൊസൈറ്റിയും.
ദേശീയതലത്തിലും സംസ്ഥാന തലത്തിലും നിരവധി നേതാക്കളെ സംഭാവന ചെയ്യുവാൻ ഈ നാടിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യലിസ്റ്റും സർവ്വോദയ നേതാവുമായിരുന്ന കെ .കേളപ്പന്റെ യും ,കെ.കുഞ്ഞിരാമ ക്കുറുപ്പിന്റെയും അരങ്ങിൽ ശ്രീധരൻ്റെയും, കെ.ബി .മേനോന്റെ യും കർമ്മരംഗം വടകരയായിരുന്നു. കമ്മ്യൂണിസ്റ്റ്. പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന പി.ആർ.നമ്പ്യാരും, സി.എച്ച് .കണാരന്,എ.കണാരനും എം.കെ.കേളുവും,മുൻ സംസ്ഥാന മന്ത്രി സി.കെ.നാണുവും ,മുൻ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കടത്തനാടിന്റെ സന്തതികളാണ്.ആർ.എം പി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനും കടത്തനാട്ടിലെ ഒഞ്ചിയത്തുകാരനാണ്. കേരള സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ച ശ്രീ ഭരത് ഭൂഷൻ IAS വടകരക്കാരനാണ്. വി.ടി മുരളി ,പ്രേംകുമാർ വടകര ,താജുദ്ദീൻ എന്നിവർ പ്രമുഖ ഗായകരാണ്.പ്രമുഖ സംരംഭകരാണ് ഗോകുലം ഗോപാലൻ .കെ.മാധവൻ (Asianet) ,ജീപ്പാസ് ബഷീർ , പി .എ ,അബ്ദുറഹിമാൻ തുടങ്ങിയവർ വടകരയുടെ മുനിസിപ്പാലിറ്റിയുടെ മുഖഛായ മാറിക്കൊണ്ടിരി ക്കുകയാണ്.നഗര വൽക്കരണം ത്വരിതഗതിയിൽ നടന്നുവരുന്നു. ജനങ്ങളിലധികപേരും കർഷകരും കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളികളുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഗർഫ് പ്രവാസികളുള്ളത് കടത്തനാട്ടിലായിരിക്കും എന്ന് തോന്നുന്നു. കുറെയധികം പേർ അന്യ സംസ്ഥാനങ്ങളായ കർണ്ണാടകയിലും തമിഴ്നാട്ടിലും മഹാരഷ്ട്രയിലും ജോലി ചെയ്യുന്നുണ്ട്. ബാക്കിയുള്ളവർ സർക്കാർ സർക്കാതിര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു .15786 വീടുകളിലായി വസിക്കുന്ന മൊത്തം ജനസംഖ്യ (75295)യിൽ 52% സ്ത്രീകളാണ് .11 % ആറ് വയസ്സിൽ താഴെയുള്ള കുട്ടികളുമാണ്. ലിംഗാനുപാതം 1119 ഉം ശിശു ലിംഗ അനുപാതം (child Sex ratio) 952 ഉം ആണ്.964 ആണ് സംസ്ഥാന അനുപാതം.ജനസംഖ്യ യിൽ 64.25 ശതമാനം ഹിന്ദുക്കളും 34.37 ശതമാനം മുസ്ലിംങ്ങളുമാണ്.സാക്ഷരത 94 ശതമാനമാണ്.(സ്ത്രീ സാക്ഷരത 93% വും പുരുഷ സാക്ഷരത 97%) തനതായ ഗ്രാമീണ സൗന്ദര്യവും സൗഭാഗ്യവും ഏറെക്കുറെ നാഗരികതയ്ക്ക് വിധേയമായി ക്കൊണ്ടിരിക്കുകയാണെങ്കിലും ഗ്രാമീണ നിഷ്കളങ്കത മനസ്സിൽ സൂക്ഷിക്കുന്നവരാണ് വടകരക്കാർ. പഴമയുടെ പ്രൗഢിയും സംസ്കാരിക തനിമയും കടത്തനാടിന്റെ ഉജജ്വല ചരിത്രവും പുതിയ തലമുറയ്ക്ക് ആവേശം പകരുന്നതാണ്
Dr. ആനന്ദൻ.സി.കെ
I MA വടകര